It's about a married girl, she thinks she live a good life as a wife |
അദ്ദേഹത്തിനരികിൽ ഒരു മന്ദഹാസത്തോടെ ഞാനിരുന്നു. ആകാശം ചുവന്നിരിക്കുന്നു. സൂര്യൻ കടലിലേക്ക് താഴാൻ വെമ്പി നിൽക്കുന്നു. ഇരുട്ടും മുന്നേയുള്ള സന്ധ്യ എന്നെ നോക്കി കളിയാക്കുന്നു. വരുന്നവരും പോകുന്നവരും എന്നെ തുറിച്ചു നോക്കുന്നു. ചിലർ മാറി നിന്ന് കുശുകുശുക്കുന്നു. എല്ലാവരെയും നോക്കി എല്ലാം കണ്ടുകൊണ്ട് എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ അങ്ങനെയങ്ങനെ.... ഞാനൊരു ഉത്തമഭാര്യ ആയിരുന്നു. ഓഫീസിൽ നിന്ന് വരുന്ന അദ്ദേഹത്തിന് ഏത് ജോലിത്തിരക്കിന് ഇടയിൽ വന്നും ചിരിച്ചു കൊണ്ട് വാതിൽ തുറന്നു കൊടുക്കുന്നവൾ, അദ്ദേഹത്തിന്റെ കയ്യിലെ ബാഗ് വാങ്ങി പതിയെ പിന്നാലെ നടക്കുന്നവൾ , കരിഞ്ഞ മണം മൂക്കിലേക്ക് വലിച്ചു കയറ്റി 'അയ്യോ ' എന്ന് പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പ്രകാശത്തേക്കാൾ വേഗത്തിൽ ഓടുന്നവൾ... ഇതെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാൻ ചെറുപ്പം മുതലേ ആഗ്രഹിച്ചവ. അമ്മൂമ്മ അമ്മയോടും അമ്മ എന്നോടും പറഞ്ഞു തന്നവ.പഴക്കം കൂടുംതോറും വീര്യം കൂടുന്നവ. വീട്ടിലെ മുഴുവൻ ജോലികളും ഞാൻ ഒറ്റയ്ക്ക് ചെയ്യും. രണ്ടു മക്കളെയും ഭർത്താവിന്റെയും കാര്യങ്ങൾ വൃത്തിയായി ചെയ്യും. ' നീ ഇങ്ങനെ ഓടേണ്ട, നമുക്കൊരു വേലക്കാരിയെ ഏർപ്പാടാക്കാം ' അദ്ദേഹം എപ്പഴും പറയും. പക്ഷെ ഞാനത് ഒരിക്കലും സമ്മതിച്ചില്ല. കാരണം എനിക്ക് ജോലികൾ ചെയ്യുന്നതിനേക്കാൾ ഇഷ്ടം മറ്റുള്ളവർ, 'ഇവളെ കണ്ടു പഠിക്ക്, ഭാര്യമാരായാൽ ഇങ്ങനെ വേണം 'എന്ന് പറയുന്നത് കേൾക്കാനായിരുന്നു. അപ്പൊ ഉള്ളിൽ സന്തോഷത്തിന്റെ തിരമാലകൾ വകഞ്ഞു മാറ്റി കൊണ്ട് ഞാൻ പറയും 'ഏയ്യ്.., അങ്ങനൊന്നുല്ല ' അത് പറയുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യം. ചെറുപ്പത്തിൽ തന്നെ എല്ലാവരും പറയുമായിരുന്നു പെൺകുട്ടികൾ ആയാൽ ഇവളെ പോലെയാവണമെന്ന്.നന്നായി പഠിക്കുന്ന അടക്കവും ഒതുക്കവും ഉള്ള ആൺകുട്ടികളുടെ മുഖത്തു പോലും നോക്കാത്ത പെൺകുട്ടി. ഏത് ആൺകുട്ടികളുടെയും സ്വപ്നം അതാണെന്ന് അമ്മ എപ്പഴും പറയും. അങ്ങനെ ഒരു പെൺകുട്ടി ആവാൻ കഴിഞ്ഞതിൽ ഞാൻ എന്നും സന്തോഷിച്ചു. അമ്മൂമ്മ പറയും ഇവളെ കെട്ടുന്നവന്റെ ഭാഗ്യമാണെന്ന്. അത് കേൾക്കുമ്പോൾ മനസ്സിനൊരു കുളിർമയാണ്. M A ഹിസ്റ്ററി കഴിഞ്ഞിരിക്കുന്ന സമയത്താണ് ആ ഭാഗ്യവാനെ ഞാൻ കാണുന്നത്. വീട്ടുകാർ തീരുമാനിച്ചു എന്നോട് ചോദിച്ചു, നിങ്ങളുടെ ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് ഞാൻ പറഞ്ഞു. എന്റെ മാതാപിതാക്കൾ അഭിമാനത്തോടെ എന്നെ നോക്കി, അമ്മൂമ്മ കെട്ടിപിടിച്ചെന്നെ ഉമ്മ വച്ചു. എനിക്ക് രോമാഞ്ചം ഉണ്ടായി. സന്തോഷം കൊണ്ട് അവരുടെ എല്ലാം കണ്ണ് നിറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബക്കാർ എന്നോട് മോശമായി പെരുമാറുമായിരുന്നു, വഴക്കു പറയുമായിരുന്നു. ഞാൻ തിരിച്ചൊന്നും പറയാതെ എല്ലാം കേട്ടു നിൽക്കും. പിന്നീട് എപ്പഴും അത് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നും. ഒരു ഉത്തമഭാര്യ ഒരിക്കലും പ്രശ്നങ്ങളുടെ ഭാണ്ഡകെട്ട് ഭർത്താവിന് മുന്നിൽ അഴിച്ചിടാൻ പാടില്ല. അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ എപ്പഴും ചിരിച്ചു കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ എന്നോട് വന്നു പറയുമ്പോഴും, ചിരിച്ചു കൊണ്ട് അത് കേട്ടതിന്റെ പേരിൽ വഴക്കുപറയുമ്പോളും, അദ്ദേഹത്തിന്റെ ലൈംഗികാസക്തി എന്നിൽ തീർക്കുമ്പോഴും, പ്രസവവേദന കൊണ്ട് പുളയുമ്പോളും ഞാൻ ചിരിച്ചു കൊണ്ടായിരുന്നു. ഇന്ന് ജീവനറ്റ ശരീരമായി എന്റെ മുന്നിൽ കിടക്കുമ്പോൾ കരയണം എന്ന് അതിയായി ആഗ്രഹിച്ചിട്ടും ചിരിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ. എന്റെ വികാരങ്ങളെല്ലാം പണ്ടേ മരിച്ചിരുന്നു. ഒരു പക്ഷെ ഞാനും... എങ്കിലും ഞാനൊരു ഉത്തമകുടുംബിനിയായിരുന്നു. എന്നേക്കാൾ മുൻപ് അദ്ദേഹം മരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. കാരണം ഞാനില്ലാതെ ഒരു ഷർട്ടിന്റെ ബട്ടൺ ഇടാൻ പോലും അദ്ദേഹത്തിന് കഴിയില്ല. അദ്ദേഹം എപ്പഴേലും തിരിച്ചു ചിന്തിച്ചിട്ടുണ്ടാവുമോ..? കാരണം എനിക്ക് ഈ വീടല്ലാതെ മറ്റൊന്നും അറിയില്ല. അത് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. ഇവിടെ നിന്ന് എന്റെ വീട്ടിലേക്ക് പോവാൻ പോലും എനിക്കറിയില്ല (അതിനു ഇതു തന്നെയല്ലേ എന്റെ വീട് ). ഈ ലോകം, ഈ ചുറ്റുപാട് എല്ലാം എനിക്ക് തികച്ചും അപരിചിതമായി തോന്നുന്നു. വെറും 30 വർഷങ്ങൾ കൊണ്ട് ലോകം ഇത്രയേറെ മാറിപ്പോയോ? ഇന്ന് പിറന്നു വീണ കുഞ്ഞിന്റെ അത്ഭുതത്തോടെ, കൗതുകത്തോടെ ചുറ്റും നോക്കാനല്ലാതെ എനിക്കൊന്നും അറിയില്ല. ഇവിടം എനിക്ക് വികൃതവും അപരിചിതവും ആണ്. സതി നിർത്തലാക്കിയവരെ ഉള്ളാലെ ശപിച്ചു കൊണ്ട് ഞാൻ അദ്ദേഹത്തിന്റെ ഒപ്പം പോവുകയാണ്, ഒരു ഉത്തമയായ ഭാര്യയായി, ചിരിച്ചു കൊണ്ട് ... കീ കൊടുക്കാൻ ആളില്ലെങ്കിൽ പിന്നെ പാവയുടെ ആവിശ്യം എന്താണ്....? |